ഏറ്റവും കൂടുതൽ കാലം ബിഹാർ ഭരിച്ച മുഖ്യമന്ത്രി എന്ന റിക്കാർഡ് (19 വർഷവും 76 ദിവസവവും) സ്വന്തം പേരിലുള്ള നിതീഷ്കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് പത്തു തവണ. ഒരിക്കൽപ്പോലും സ്വന്തം പാർട്ടി ഒറ്റയ്ക്കു ഭൂരിപക്ഷം നേടാതെയാണ് നിതീഷ് മഖ്യമന്ത്രിക്കസേരയിലിരുന്നത് എന്നതാണു ശ്രദ്ധേയം. 2005 മുതൽ നിതീഷ്കുമാറിന്റെ പാർട്ടി എന്നും ഭരണപക്ഷത്തായിരുന്നു. 243 അംഗ നിയമസഭയിൽ 202 സീറ്റിന്റെ വന്പൻ ഭൂരിപക്ഷത്തിലാണ് ഇക്കുറി നിതീഷ് മുഖ്യമന്ത്രിയാകുന്നത്. 2020ൽ 45 സീറ്റ് മാത്രമുണ്ടായിരുന്ന ജെഡി-യുവിന് ഇത്തവണ സീറ്റ് നേട്ടം ഇരട്ടിയോളമായി.
മുന്നണി മാറിയത് അഞ്ചു തവണ
നാലു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയജീവിതത്തിനിടെ നിതീഷ്കുമാർ മുന്നണി മാറിയത് അഞ്ചു തവണയാണ്. ഹിന്ദുത്വ, സോഷ്യലിസ്റ്റ് പാർട്ടികളെയും കോൺഗ്രസിനെയും നിതീഷ് മാറിമാറി വരിച്ചു.
2005ൽ ലാലുപ്രസാദ് യാദവ് യുഗത്തിന് അന്ത്യം കുറിച്ചാണ് നിതീഷ്കുമാർ മുഖ്യമന്ത്രിയാകുന്നത്. ബിജെപിയും ഒപ്പമുണ്ടായിരുന്നു. 2010ലും ജെഡിയു-ബിജെപി സഖ്യം വൻ ഭൂരിപക്ഷത്തിൽ (2006 സീറ്റ്) അധികാരത്തിലെത്തി. എന്നാൽ, 2013ൽ സഖ്യത്തിൽ അസ്വാരസ്യം ഉടലെടുത്തു. നരേന്ദ്ര മോദിയെ എൻഡിഎയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയാക്കിയതിൽ നിതീഷ്കുമാറിന് എതിർപ്പുണ്ടായിരുന്നു.
എൻഡിഎ വിട്ട നിതീഷ് സർക്കാർ ലാലുവിന്റെ ആർജെഡിയും കോൺഗ്രസും നല്കിയ പിന്തുണയിൽ മുന്നോട്ടു പോയി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച ജെഡി-യു വെറും രണ്ടു സീറ്റിലൊതുങ്ങി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഉറ്റ അനുയായിയും ദളിത് നേതാവുമായ ജീതൻ റാം മാൻജി മുഖ്യമന്ത്രിയായി. എന്നാൽ, വൈകാതെ നിതീഷും മാൻജിയും തമ്മിൽ തെറ്റി. ഒന്പതു മാസത്തിനകം മാൻജിയെ പുറത്താക്കി നിതീഷ് വീണ്ടും മുഖ്യമന്ത്രിയായി. ലാലുവും കോൺഗ്രസും നിതീഷിനെ പിന്തുണച്ചു.
2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു-ആർജെഡി-കോൺഗ്രസ് മഹാസഖ്യം 243ൽ 178 സീറ്റ് നേടി. ബിജെപി വെറും 58 സീറ്റിലൊതുങ്ങി. നിതീഷ്കുമാർ മുഖ്യമന്ത്രിയായും ലാലുപ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സർക്കാർ അധികാരത്തിലേറി. രണ്ടു വർഷം ഭരണം സുഗമമായി മുന്നോട്ടു പോയി. എന്നാൽ, 2017ൽ തേജസ്വി യാദവുമായുള്ള ഭിന്നതയുടെ പേരിൽ നിതീഷ് കളം മാറി വീണ്ടും എൻഡിയിലെത്തി. 2020വരെ ജെഡി-യു-ബിജെപി സർക്കാർ ഭരണം തുടർന്നു.
2020ൽ രക്ഷപ്പെട്ടത് കഷ്ടിച്ച്
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ജെഡിയു മുന്നണി കഷ്ടിച്ചാണു ഭൂരിപക്ഷം ഒപ്പിച്ചത്. ചരിത്രത്തിലാദ്യമായി ജെഡി-യുവിനെ കടത്തിവെട്ടി ബിജെപി വലിയ ഒറ്റക്കക്ഷിയായി. ബിജെപിക്ക് 75ഉം ജെഡിയുവിന് 45ഉം സീറ്റാണു കിട്ടിയത്. ചിരാഗ് പാസ്വാന്റെ എൽജെപിയുടെ ലേബലിൽ നിർത്തിയ സ്ഥാനാർഥികളായിരുന്നു ജെഡി-യുവിനു വിനയായത്. ജെഡിയുവിനെ ഒതുക്കാൻ അമിത് ഷായുടെ ആശീർവാദത്തോടെയായിരുന്നു ചിരാഗിന്റെ നീക്കം. ജെഡി-യു മെലിഞ്ഞെങ്കിലും നിതീഷിനു മുഖ്യമന്ത്രിസ്ഥാനം നല്കാൻ ബിജെപി സൗമനസ്യം കാട്ടി. നിതീഷ്കുമാർ സർക്കാർ വീണ്ടും അധികാരത്തിലെത്തി. ബിജെപി രണ്ട് ഉപമുഖ്യമന്ത്രിസ്ഥാനം ചോദിച്ചുവാങ്ങി.
തന്റെ പാർട്ടിയെ ബിജെപി വിഴുങ്ങാനൊരുങ്ങുകയാണെന്നു തിരിച്ചറിഞ്ഞ നിതീഷ്കുമാർ 2022ൽ എൻഡിഎ വിട്ട് വീണ്ടും മഹാഗഡ്ബന്ധന്റെ ഭാഗമായി. നിതീഷിന്റെ നേതൃത്വത്തിൽ ജെഡിയു-ആർജെഡി-കോൺഗ്രസ് സർക്കാർ അധികാരത്തിലേറി. തേജസ്വി യാദവ് വീണ്ടും ഉപമുഖ്യമന്ത്രിയായി. ഇടതു പാർട്ടികൾ പുറത്തുനിന്നു പിന്തുണ നല്കി. ഒന്നര വർഷത്തിനുശേഷം ഈ സഖ്യവും തകർന്നു. നിതീഷ് എൻഡിഎയിലേക്കു മടങ്ങി വീണ്ടും മുഖ്യമന്ത്രിയായി.
ഇന്ത്യ മുന്നണിയുടെ ശില്പി
2024 ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പ് രൂപവത്കൃതമായ ഇന്ത്യ മുന്നണിയുടെ ശില്പി നിതീഷ്കുമാറായിരുന്നു. മുന്നണിയുടെ ആദ്യയോഗം ബിഹാറിലെ പാറ്റ്നയിൽ നടത്തിയത് നിതീഷ് മുൻകൈയെടുത്തായിരുന്നു.
അദ്ദേഹം കളംമാറിയത് ഇന്ത്യ സഖ്യത്തിന് ഏൽപ്പിച്ച ആഘാതം ചെറുതല്ലായിരുന്നു. നിതീഷ്കുമാറിന്റെ പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉജ്വലവിജയം നേടി. ജെഡി-യുവിന്റെ 12 എംപിമാരുടെ പിൻബലത്തിലാണു നരേന്ദ്ര മോദി സർക്കാർ ഭൂരിപക്ഷം ഉറപ്പിച്ചത്.
1951 മാർച്ച് ഒന്നിന് പാറ്റ്നയ്ക്കു സമീപമുള്ള ഭക്തിയാർപുരിലാണു നിതീഷിന്റെ ജനനം. ബിഹാർ എൻജിനിയറിംഗ് കോളജിൽ (ഇന്നത്തെ എൻഐടി) ഇലക്ട്രിക്കൽ എൻജിനിയറിംഗ് പഠനം പൂർത്തിയാക്കിയ നിതീഷ്കുമാർ ജെപി മൂവ്മെന്റുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. അക്കാലത്ത് നിതീഷ്കുമാറിന്റെ സഹപ്രവർത്തകരായിരുന്നു ലാലുപ്രസാദ് യാദവും ബിജെപി നേതാവ് സുശീൽകുമാർ മോദിയും.
1977ൽ നിയമസഭയിലേക്ക് കന്നിയങ്കം കുറിച്ച നിതീഷ് 1985ലാണു ആദ്യമായി നിയമസഭാംഗമാകുന്നത്. 1989ൽ ലോക്സഭാംഗമായി. ലാലു പ്രസാദ് യാദവ് ബിഹാർ രാഷ്ട്രീയത്തിൽ പ്രാമുഖ്യം നേടിയതോടെ, നിതീഷ്കുമാർ ജോർജ് ഫെർണാണ്ടസിനെ ഒപ്പംകൂട്ടി സമതാ പാർട്ടി രൂപവത്കരിച്ചു. ഈ പാർട്ടിയാണു പിൽക്കാലത്ത് ജെഡി-യു ആയി മാറിയത്. വി.പി. സിംഗിന്റെയും എ.ബി. വാജ്പേയിയുടെയും മന്ത്രിസഭകളിൽ നിതീഷ്കുമാർ അംഗമായിരുന്നു. ലാലു കുടുംബത്തിന്റെ ജംഗിൾരാജുമായി താരതമ്യം ചെയ്യുന്പോൾ നിതീഷ്കുമാറിന്റെ ഭരണം മികച്ചതാണെന്നു നിസംശയം പറയാം.